ചരിത്രം


പഴയ കെട്ടിടം(നിര്‍മാണം :1988)
  മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ സ്മരണക്കായി കേരളത്തില്‍ തന്നെ ആദ്യത്തെ സംരംഭമായിരിക്കും അരിക്കുളം പഞ്ചായത്തില്‍ രണ്ടാം വാര്‍ഡിലെ വൈലോപ്പിള്ളി സ്മാരക ഗ്രന്ഥാലയത്തിന്റെ നിര്‍മ്മാണം.ഒരു കാലത്ത് സാമ്പത്തികമായി ഏറെ പിന്നില്‍ നിന്നിരുന്ന എന്നാല്‍ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ മുന്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ കൂട്ടായ്മക്ക് മികച്ച ഉദാഹരണം കൂടിയാണ് ഈ സ്ഥാപനം. ജാതിമേധാവിത്വത്തിന്റെ കാലത്ത് കീഴാളരെ കുളത്തില്‍ കുളിപ്പിച്ചും മിശ്രഭോജനം നടത്തിച്ചും ഭക്ഷ്യക്ഷാമകാലത്ത് പൂഴ്ത്തിവെച്ച അരിയും നെല്ലും പിടിച്ചെടുത്തും വിതരണം ചെയ്തും ദേശീയസമരകാലത്ത് കേളുവേട്ടന്റെ നേതൃത്വത്തില്‍ നടന്ന ഹിന്ദിപാഠശാലക്ക് അവസരമൊരുക്കിയും കടമനിര്‍വ്വഹിച്ച ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. അവരില്‍ നിന്ന് ജീവോര്‍ജ്ജം സ്വീകരിച്ച് പ്രദേശത്തിന്റെ അന്തഃസത്തയും പാരമ്പര്യവും തലമുറകളിലേക്ക് കൈമാറുക എന്ന ലക്ഷ്യം കൂടിയായിരുന്നു ഈ സ്ഥാപനത്തിന്റെ നിര്‍മ്മാണത്തിലൂടെ സാഫല്യം കണ്ടത്.
   ആദ്യകാലത്ത് താല്‍ക്കാലികമായി ലഭിച്ച ഒന്നര സെന്റ് സ്ഥലത്ത് പണിക്കൂലിയായി ഒരു രൂപ പോലും നല്‍കാതെയാണ് അന്ന് കെട്ടിടം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ഈ സ്ഥാപനത്തിന് ഏതാണ്ട് പതിനഞ്ച് ലക്ഷം രൂപയുടെ ആസ്തിയുണ്ട്. .വി. നാരായണന്‍, ടി.കെ. രാമചന്ദ്രന്‍, ടി.കെ. അസീസ്, പി.സി. വാസു, എന്നിവര്‍ ഭാരവാഹികളായ പതിനൊന്നംഗ കമ്മറ്റിയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് നേതൃ‍ത്വം നല്‍കിയത്. മുതുകുന്നുമ്മല്‍ ശങ്കരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ തെങ്ങു കയറ്റ തൊഴിലാളിയായിരുന്ന പുതുക്കുടി കുന്നുമ്മല്‍ കുഞ്ഞിക്കണ്ണന്‍ വാഗ്ദാനം ചെയ്ത ആദ്യ സംഭാവന ലൈബ്രറിയുടെ ചരിത്രത്തില്‍ എന്നുമോര്‍ക്കപ്പെടേണ്ടതാണ്. ഒരു ഗ്രന്ഥാലയത്തിനും വായനശാലക്കും രൂപം നല്‍കുന്നത് സംബന്ധിച്ച് അനൗപാരികമായ ആലോചനകള്‍ നടക്കുന്നതിനിടയിലാണ് 1985 ഡിസംബര്‍ 22ന് ശ്രീ. വൈലോപ്പിള്ളി ശ്രീധരമേനോന്‍ അന്തരിക്കുന്നത്. മലയാള കവിതക്കും സമൂഹത്തിനും പുതിയ ഭാവുകത്വവും അവബോധവും പകര്‍ന്ന വൈലോപ്പിള്ളിയുടെ പേരു തന്നെ ഈ സ്ഥാപനത്തിന് നല്‍കുന്നത് അങ്ങനെയാണ്. ജനങ്ങളുടെ പക്കല്‍ നിന്ന് ചെറു തുകകള്‍ സംഭാവനകള്‍ സ്വീകരിച്ചാണ് നിര്‍മ്മാണ സാമഗ്രികള്‍ സംഘടിപ്പിച്ചത്. സ്ക്വാഡുകളായി ഇടവേളകളില്ലാതെ പന്ത്രണ്ടും പതിനെട്ടും മണിക്കൂര്‍ തുടര്‍ച്ചയായി സന്നദ്ധ സേവനം നടന്നു എന്നത് ഈ സ്ഥാപനത്തിന്റെ നിര്‍മ്മാണ ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. ഈ പ്രവര്‍ത്തനാനുഭവം പില്‍ക്കാലത്ത് റോഡ്, കുളം നിര്‍മ്മാണം ഉള്‍പ്പെടെ വിവിധ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ യുവതലമുറക്ക് പ്രചോദനമാവുകയും എല്ലാവിധ വിഭാഗീതയതകള്‍ക്കുമതീതമായി പ്രദേശത്തിന്റെ കൂട്ടായ്മക്ക് കാരണമായി തീരുകയും ചെയ്തു എന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്.
   വൈലോപ്പിള്ളിയുടെ മൂന്നാം ചരമദിനമായ 1987 ഡിസംബര്‍ 22ന് ആയിരുന്നു ആദ്യ ജനറല്‍ ബോഡി. ടി.കെ. അരവിന്ദന്‍, പി.സി. വാസു എന്നിവരെ പ്രഥമ ഭാരവാഹികളായി തെരഞ്ഞെടുത്തു. 1988 ജനവരി 1ന് നിര്‍മ്മാണ പ്രസിഡണ്ട് എ.വി. നാരായണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് കല്‍പ്പത്തൂര്‍ ബ്രഹ്മാനന്ദവായനശാലയുടെ സ്ഥാപകനും ബ്രഹ്മാനന്ദശിവയോഗികളുടെ ശിഷ്യനുമായിരുന്നു ശ്രീ. ടി.എച്ച്. കണ്ണന്‍മാസ്റ്റര്‍ ചാലില്‍ ഗോവിന്ദന്‍നായര്‍ക്ക് ആദ്യ പുസ്തകം നല്‍കിക്കൊണ്ട് ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
   ടി.കെ. നാരായണന്‍, പി.സുഖിലേഷ് എന്നിവരുടെ നേതൃത്വത്തില്‍ 2006 നവംബറില്‍ നിലവില്‍ വന്ന പതിനൊന്നംഗ കമ്മിറ്റിയാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് .ആദ്യകാലത്ത് പരേതനായ ശ്രീ. ടി. ഗോപാലന്‍നായര്‍ താല്‍ക്കാലികമായി നല്‍കിയ സ്ഥലം ഉള്‍പ്പെടെ നാല് സെന്റ് സ്ഥലം അദ്ദേഹത്തിന്റെ കുടംബത്തില്‍ നിന്നും, കൂത്താളി കര്‍ഷക സമര സേനാനി തേവര്‍കണ്ടി കുഞ്ഞിക്കണ്ണന്‍നായര്‍ സ്മരണക്കായി അദ്ദേഹത്തിന്റെ മക്കള്‍  വിലകൊടുത്ത് വാങ്ങി ഭരണസമിതിയുടെ പേരിൽ റജിസ്റ്റർ ചെയ്തു നൽകി. കല്‍ക്കത്തയിലെ RRRLF നല്കിയ 4,00,000 രൂപയും എക്സിക്യൂട്ടീവ് കമ്മറ്റി നല്കിയ 1,50,000 രൂപയും ഉപയോഗിച്ച് നിര്‍മിച്ച പുതിയ കെട്ടിടം 2010 മെയ് 14ന് മലയാളത്തിന്റെ പ്രിയ കഥാകൃത്ത് ശ്രീ അക്ബര്‍ കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു.പിന്നീട് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നല്കിയ 1,65,500 രൂപയും എക്സിക്യൂട്ടീവ് കമ്മറ്റി കണ്ടെത്തിയ 2,91,512 രൂപയും ഉപയോഗിച്ച് കെട്ടിടത്തിന്റെ ഒന്നാംനില നിര്‍മിച്ചു.2015 ആഗസ്റ്റ് 23ന് ഇത് കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ശ്രീ കെ ചന്ദ്രന്‍ മാസ്റ്റര്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു.ഇപ്പോള്‍  ഗ്രന്ഥാലയത്തിനനുബന്ധമായി ബാലവേദി, വനിതാവേദി, വനിതാസമിതി, കാര്‍ഷിക കോര്‍ണര്‍, കലാകായികവേദി,വയോജനവേദി എന്നിവ പ്രവര്‍ത്തിക്കുന്നു.
   ഇങ്ങനെ കാരയാട് പ്രദേശത്തിന്റെ സാംസ്കാരിക സാമൂഹിക വികാസത്തില്‍ രണ്ട് വ്യാഴവട്ടക്കാലത്തിലധികമുള്ള പ്രവര്‍ത്തനം കൊണ്ട് നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ വൈലോപ്പിള്ളി സ്മാരക ഗ്രന്ഥാലത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനത്തോടെ അവകാശപ്പെടാം
പുതിയ കെട്ടിടം(നിര്‍മാണം:2010)

                നില്ക്കുന്നവർ: രജിഷ സി, പ്രബീഷ് കെ, രാജൻ പി, ഷിജു ഒ, ആനന്ദൻ സി, ശിവപ്രസാദ് പി, ശ്രീനേഷ് പി, കൃഷ്ണൻ കെ പി   ഇരിക്കുന്നവർ: വിജീഷ് ടി, രഘു സി, രാമചന്ദ്രൻ ടി കെ, അസീസ് ടി കെ, എ വി നാരായണൻ, സുഖിലേഷ് പി(പ്രസിഡണ്ട്), ടി കെ നാരായണൻ(സെക്രട്ടറി), സജീഷ് ടി എം

    


 

No comments:

Post a Comment