Friday, June 19, 2026

പൂമുഖം

           വൈലോപ്പിള്ളി ശ്രീധരമേനോൻ (1911- 1985)

"ഏതു ധൂസര സങ്കല്‍പ്പങ്ങളിൽ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും.....!"


"അങ്കണത്തൈമാവിൽ

നിന്നാദ്യത്തെപ്പഴം വീഴ്കെ

അമ്മതൻ നേത്രത്തിൽ

നിന്നുതിർന്നു ചൂടുകണ്ണീർ"

    മലയാളികളെ മുഴുവൻ കണ്ണീരണിയിച്ച 'മാമ്പഴം' എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്. മാമ്പുകൂല ഒടിച്ചുകളിച്ചതിന് അമ്മ വഴക്കുപറഞ്ഞപ്പോൾ മാമ്പഴം പെറുക്കാൻ താൻ വരില്ലെന്നു പിണങ്ങിനിന്ന ഉണ്ണിക്കുട്ടൻ പൂ വിരിഞ്ഞു മാങ്ങകൾ പഴുത്തപ്പോഴേക്കും മരിച്ചുപോയ ദുരന്തകഥ പറഞ്ഞു ആ ലഘുകാവ്യം. വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ വരിഷ്ഠ രചന. കാല്പനിക താരള്യത്തിനും പദസംഗീതത്തിനും പകരം മലയാളകവിതയിൽ ആധുനികജീവിതത്തിൻ്റെ സംഘർഷങ്ങളും നവീനമായ ഭാവുകത്വവും കൊണ്ടുവന്നു വൈലോപ്പിള്ളി. ചങ്ങമ്പുഴയ്ക്കു ശേഷമുള്ള മലയാള കവിതയുടെ പരിവർത്തനത്തിൽ പി. കുഞ്ഞിരാമൻനായർ, ഇടശ്ശേരി ഗോവിന്ദൻനായർ എന്നിവർക്കൊപ്പം മഹത്തായ പങ്കാണ് വൈലോപ്പിള്ളി വഹിച്ചത്. ജീവിതത്തിൻ്റെയും മനുഷ്യപുരോഗതിയുടെയും സങ്കീർത്തനകാരനായിരുന്നു അദ്ദേഹം. 'കണ്ണീർപ്പാടം', 'കുടിയൊഴിക്കൽ', 'സഹ്യൻ്റെ മകൻ', 'ആസാം പണിക്കാർ', 'പന്തങ്ങൾ', 'മലതുരക്കൽ' തുടങ്ങിയ വൈലോപ്പിള്ളിയുടെ കവിതകൾ മലയാളത്തിലെ എക്കാലത്തെയും മികച്ച കാവ്യങ്ങളായി പരിഗണിക്കപ്പെടുന്നു.

    'കാച്ചിക്കുറുക്കിയ കവിത' എന്നു വിശേഷിപ്പിക്കപ്പെട്ട വൈലോപ്പിള്ളി കവിതകൾ ആധുനികമായ ജീവിതബോധത്തിൻ്റെ വെളിച്ചത്തിൽ കേരളീയാനുഭവങ്ങളുടെ ആഴവും സങ്കീർണതയും ആവിഷ്കരിച്ചു. പാശ്ചാത്യആധുനികത, ശാസ്ത്രീയത, യുക്തിചിന്ത, പുരോഗതി, ചരിത്രപരത, കേരള പ്രകൃതി, നവലോകസ്വപ്നം തുടങ്ങിയവ അദ്ദേഹത്തിൻ്റെ കാവ്യഹേതുക്കളായി. പി. കുഞ്ഞിരാമൻനായർ, ഇടശ്ശേരി ഗോവിന്ദൻനായർ തുടങ്ങിയ വർക്കൊപ്പം മലയാള കാൽപ്പനിക കവിതയെ പരിവർത്തിപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ച വൈലോപ്പിള്ളി 'നെഞ്ചുകീറി നേരിക്കാട്ടി'ത്തന്നു; 'വിജിഗീഷുവായ മൃത്യു'വിനെ വെല്ലുവിളിച്ചു; സ്നേഹസുന്ദരപാതയിലൂടെ ജനങ്ങളെ വേഗത്തിൽ നയിച്ചു; കണ്ണീർക്കുതിൽ നേരമ്പോക്കിൻ്റെ വെള്ളി മീൻചാട്ടത്തെ കാട്ടിത്തന്നു.

    വൈലോപ്പിള്ളി മലയാള കവിതയിൽ നിർവഹിച്ച ധർമത്തെപ്പറ്റി എം. ലീലാവതി ഇങ്ങനെ എഴുതി: 'റൊമാന്റിസിസത്തിൻ്റെ ഒടുവിലത്തെ യാമത്തിൽ വന്നുപിറന്ന അദ്ദേഹം ആ മഞ്ഞണിഞ്ഞ ആതിരരാവിൻ്റെ കുളുർമയും സ്വപ്നദർശന കൗതുകവും സ്വാത്മാവിൽനിന്നു പൂർണമായി മായ്ച്ചു കളയാൻ തയ്യാറായിട്ടില്ല. കാൽപനികതയിൽനിന്നു യാഥാർത്ഥ്യത്തിലേക്കും സ്ഥിതവ്യവസ്ഥയിലേക്കുമുള്ള അനുരഞ്ജനമനോഭാവത്തിൽനിന്നു വിട്ടുവീഴ്ചയില്ലാത്ത സമരമനോഭാവത്തിലേക്കും നീങ്ങുക എന്നത് കവിതയിൽ മന്ദമായി സംഭവിച്ച ഒരു യുഗപ്പകർച്ചയായിരുന്നു. അതിൻ്റെ ആത്മവത്തയോടു കൂടി അവതരിച്ച ഒരു സംക്രമപുരുഷൻ്റെ ധർമ്മമാണദ്ദേഹം നിർവഹിച്ചത്.' ആധുനിക കവിയായ സച്ചിദാനന്ദൻ വൈലോപ്പിള്ളിയുടെ മരണത്തിൽ ദുഃഖി ച്ചുകൊണ്ട് 'ഇവനെക്കൂടി' എന്ന കവിതയിൽ ഇങ്ങനെ എഴുതി:

"ഇവനുകൊടി പനി-

നീർമുള്ളിൽ പടർന്നേറു-

മൊരു കയ്പവല്ലരി,

വാഹനം കടൽക്കാക്ക.

പുലിനേർക്കുമ്പോളോണ-

വില്ലാണു ദിവ്യായുധം

കുരുത്തോലയും കൊടി-

ത്തൂവലും തിരുവാട.

കനലാഴിയിൽ നൃത്തം,

വചനമപ്പം, കുരു-

മുളകാൽ നിറമാല,

പൂജിക്കാൻ കുറവന്മാർ.

മലയ്ക്കു മകൻ, വിളി-

പ്പുറത്തു മുറിവേറ്റ

വനങ്ങൾ, മനങ്ങൾ തൻ

മൃഗങ്ങൾ വിളിക്കുകിൽ

പെരുമാളിവൻ, നേരാം

വാക്കിനും വടക്കിനും,

ഇവനു പ്രിയമേറ്റം

കലികാലത്തിൻ തോറ്റം."

    തറവാട്ടുപേരാണ് വൈലോപ്പിള്ളിൽ. എറണാകുളത്ത് കലൂരിൽ കളപ്പുരയ്ക്കൽ വീട്ടിൽ നാണിക്കുട്ടിയമ്മയുടെയും ചേരാനല്ലൂർ കൊച്ചുകുട്ടൻ കർത്താവിൻ്റെയും മകനായി 1911 മേയ് 11-നാണ് ശ്രീധരമേനോൻ ജനിച്ചത്. കണ്ടനാശ്ശാനിൽനിന്ന് വിദ്യാരംഭം കൂടിച്ച ശ്രീധരൻ പിന്നീട് കാരപ്പറമ്പ് ഗവണ്മൻ്റ് പ്രൈമറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ചേർന്നു. തുടർന്ന് സെൻ്റ് ആൽബർട്ട് ഹൈസ്കൂളിൽ ആയി പഠനം. 1927-ൽ ഇവിടെനിന്ന് ഫൈനൽ പരീക്ഷ ജയിച്ചു. എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു തുടർവിദ്യാഭ്യാസം. ഡോക്ടറാവണമെന്ന ആഗ്രഹത്തോടെ സയൻസ് വിഷയങ്ങളെടുത്തു പഠിച്ചു. പക്ഷേ, സാമ്പത്തിക പരാധീനതമൂലം പഠനം തുടരാൻ കഴിഞ്ഞില്ല. 1931-ൽ ബി.. ജയിച്ചു. മദ്രാസിൽനിന്ന് ബി.ടി.യും പാസായി. 1931-ൽത്തന്നെ കണ്ടശ്ശാംകടവ് ഗവണ്മൻ്റ് ഹൈസ്കൂളിൽ അധ്യാപകനായി അദ്ദേഹം ഔദ്യോഗികജീവിതമാരംഭിച്ചു.

    1952-ൽ വൈലോപ്പിള്ളി വിവാഹിതനായി. ഭാനുമതിയമ്മയായിരുന്നു ഭാര്യ. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂടി ഡയറക്ടറായിരുന്നു അവർ. വിവാഹജീവിതത്തിൻ്റെ ആദ്യകാലം സന്തോഷത്തിൻ്റേതായിരുന്നുവെങ്കിൽ പിന്നീടത് കാറും കോളും നിറഞ്ഞതായി. തൃശൂർ ദേവസ്വം കോളനിയിലെ വടക്കേ വീട്ടിൽ പലപ്പോഴും സ്വയം പാചകവുമായി കവി കഴിഞ്ഞിട്ടുണ്ട്. രണ്ടു മക്കളുണ്ടായിരുന്നു ഈ ദമ്പതികൾക്ക്—ശ്രീകുമാറും വിജയകുമാറും.

    പതിനെട്ടാമത്തെ വയസ്സിലാണ് വൈലോപ്പിള്ളി ആദ്യകവിതയെഴുതിയത്. എന്നാൽ ആദ്യപുസ്തകം ഒരു ശാസ്ത്രഗ്രന്ഥമായിരുന്നു. 1947-ൽ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു. 'കന്നിക്കൊയ്ത്ത്' ആയിരുന്നു ആദ്യകൃതി. 'മാമ്പഴം' എന്ന കാവ്യം ഈ കൃതിയിലേതാണ്. 'സഹ്യൻ്റെ മകൻ', 'കാക്ക', 'ആസാം പണിക്കാർ', 'പടയാളികൾ' തുടങ്ങി അനേകം മിഴിവുറ്റ രചനകളുടെ സമാഹാരമാണ് 'കന്നിക്കൊയ്ത്ത്.' 1950-ൽ അദ്ദേഹത്തിൻ്റെ രണ്ടാമത്തെ സമാഹാരം 'ശ്രീരേഖ' പ്രസിദ്ധീകൃതമായി. 'ജലസേചനം', 'പന്തങ്ങൾ', 'ഊഞ്ഞാലിൽ', 'മലതുരക്കൽ' തുടങ്ങി വിശ്രുതങ്ങളായ കാവ്യങ്ങൾ ഈ സമാഹാരത്തിൻ്റെ പ്രത്യേകതയാണ്. 1952-ലാണ് വൈലോ പ്പിള്ളിയുടെ ഏറ്റവും പ്രശസ്തമായ കൃതി 'കുടിയൊഴിക്കൽ' രചിക്കപ്പെട്ടത്. തറവാട്ടുവക പറമ്പിൽ കുടികിടക്കുന്ന, എന്നും സന്ധ്യയ്ക്ക് കുടിച്ചു വന്ന് ഭാര്യയെ തെറിപറയുന്ന തൊഴിലാളിയുടെ കഥയാണിത്. കുടി നിർത്തി യില്ലെങ്കിൽ കുടിയൊഴിഞ്ഞുപോകണം എന്നു ജന്മി അവനെ താക്കീതു ചെയ്യുന്നു. പക്ഷേ, അവൻ ജന്മിയെ അനുസരിക്കുന്നില്ല. ജന്മി അവനെ അടിക്കുന്നു. കാവലിരുന്ന ചെക്കൻ്റെ അശ്രദ്ധകാരണം ഒരിക്കൽ ആ കുടിലു കത്തി. ജന്മിയാണ് കുടിൽ കത്തിച്ചതെന്ന് തൊഴിലാളി. എന്നാൽ ജന്മിയുടെ സത്യധീരതയ്ക്കു മുന്നിൽ ഒടുവിൽ അവൻ തലകുനിക്കുന്നു. പണം വാങ്ങി കുടിയൊഴിഞ്ഞു പോകുന്ന അവൻ ആ കാശുകൊണ്ടുപോയി കുടിക്കുന്നു. ഈ ഭൗതികസംഭവത്തിൻ്റെ ആവിഷ്കാരത്തിൽ 'കുടിയൊഴിക്കൽ.' എന്നാൽ അതിനപ്പുറം ജന്മിത്തത്തെ തകർത്ത കർഷകതൊഴിലാളികളും കുടികിടപ്പുകാരും ഉൾപ്പെടുന്ന വർഗം ഉയിർത്തെഴുന്നേൽക്കുന്നതിൻ്റെ ചിത്രം കൂടി വൈലോപ്പിള്ളി ഈ ഖണ്ഡകാവ്യത്തിൽ വരച്ചിട്ടു. ഫ്യൂഡൽ ജന്മിത്തത്തിൻ്റെയും കവിത്വത്തിൻ്റെയും പുരുഷത്വത്തിൻ്റെയും തകർച്ചയും അദ്ദേഹം 'കുടിയൊഴിക്കലി'ൽ ചിത്രീകരിച്ചു. ഔചിത്യമില്ലാത്ത ഒറ്റ വാക്കുപോലുമില്ല ഈ കവിതയിൽ. ഓരോ വരിയും സൗന്ദര്യത്തിക വാർന്നതാണ്. എൻ.വി. കൃഷ്ണവാരിയർ 'കുടിയൊഴിക്കലി'നെപ്പറ്റി ഇങ്ങനെ എഴുതുന്നു. "ബാഹ്യയാഥാർത്ഥ്യമല്ലാ അത് കവി ഹൃദയത്തിലുളവാക്കുന്ന ആന്തരയാഥാർത്ഥ്യങ്ങളാണ് ഇതിലെ പ്രമേയം. കവിയുടെ വ്യക്തിചേതനയ്ക്ക് പ്രപഞ്ചയാഥാർത്ഥ്യങ്ങളോടുള്ള പലനാത്മക ബന്ധത്തിൻ്റെ സാധാരണീകൃതമായ ആവിഷ്കരണമല്ലേ, കവിത? 'കുടി യൊഴിയ്ക്കൽ' കവിതയാണ്. നല്ല കവിതയാണ്. നമ്മുടെ കാലത്തിൻ്റെയും വർഗത്തിൻ്റെയും കവിതയാണ്."

    1952-ൽത്തന്നെയാണ് 'ഓണപ്പാട്ടുകാർ' എന്ന സമാഹാരവും പുറത്തു വന്നത്. 'ഓണപ്പാട്ടുകാർ', 'ഓണക്കളിക്കാർ', 'കവിയും സൗന്ദര്യബോധവും' എന്നീ കവിതകൾ ഈ സമാഹാരത്തിലേതാണ്. 1954-'കുന്നിമണികൾ' പ്രസിദ്ധീകൃതമായി. 1956-ൽ വിത്തും കൈക്കോട്ടും. 'കടൽക്കാക്കകൾ' (1958), 'കുരുവികൾ' (1961), 'കയ്പവല്ലരി' (1963), 'വിട്' (1970), 'മകരക്കൊയ്ത്ത്' (1980) എന്നിവയാണ് അദ്ദേഹത്തിൻ്റെ മറ്റു കാവ്യസമാഹാരങ്ങൾ. 'ഋശ്യശൃംഗൻ', 'അലക്സാണ്ടർ' എന്നീ നാടകങ്ങളും 'കാവ്യലോക സ്മരണകൾ' എന്ന ഒരു കൃതിയും അദ്ദേഹത്തിൻ്റേതായുണ്ട്. 'മിന്നാമിന്നി' (1981), 'പച്ചക്കുതിര' (1981), 'മുകുളമാല' (1984), 'കൃഷ്ണമൃഗങ്ങൾ' (1986), 'അന്തിചായുന്നു' (1995) എന്നിവയാണ് മറ്റു കൃതികൾ. 1947-'കന്നിക്കൊയ്ത്തി'ന് മദിരാശി സർക്കാരിൻ്റെ പുരസ്കാരം ലഭിച്ചു. 1951-'ശ്രീരേഖ' യ്ക്ക് എസ്.പി.സി.എസ്സിൻ്റെ എം.പി. പോൾ പുരസ്കാരം ലഭിച്ചു. കേരളസാ ഹിത്യ അക്കാദമി അവാർഡ് (കയ്പവല്ലരി; 1965), സോവിയറ്റ്‌ലാൻഡ് നെഹ്റു അവാർഡ് (കുടിയൊഴിക്കൽ; 1969) കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് (വിട്; 1972), ഓടക്കുഴൽ അവാർഡ് (വിട്; 1971), എസ്.പി.സി.എസ്. അവാർഡ് (വിട്; 1977), വയലാർ അവാർഡ് (മകരക്കൊയ്ത്ത്; 1981) എന്നിവയും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1981-ൽ കേരള സാഹിത്യ അക്കാദമി അദ്ദേഹത്തിന് വിശിഷ്ടാംഗത്വം നൽകി.

    1985 ഒക്ടോബർ 15-ന് മസ്തിഷ്കാഘാതത്തെത്തുടർന്ന് കിടപ്പിലായ അദ്ദേഹം ഡിസംബർ 22-ന് തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് അന്തരിച്ചു. മൃതദേഹം പ്രദർശനത്തിന് വെക്കരുതെന്നും സാഹിത്യ അക്കാദമി ഹാളിൽ കിടത്തരുതെന്നും ചുവന്ന തുണിയിടരുതെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. നിളാനദീതീരത്താണ് അദ്ദേഹത്തിൻ്റെ അന്ത്യവിശ്രമം.